---
title: "കളക്ടറുടെ അവധി ഉത്തരവ് ലംഘിച്ചു: കണ്ണൂർ ചാല ചിന്മയ വിദ്യാലയം ഉച്ചവരെ പ്രവർത്തിച്ചു"
english_title: "Kannur Chinmaya Vidyalaya Open Despite Collector Holiday Order Red Alert"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/375929/Kannur Chinmaya Vidyalaya Open Despite Collector Holiday Order Red Alert"
published_at: "2026-08-01T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6d987c8fdc3_1001349733.jpg"
keywords: []
---

# കളക്ടറുടെ അവധി ഉത്തരവ് ലംഘിച്ചു: കണ്ണൂർ ചാല ചിന്മയ വിദ്യാലയം ഉച്ചവരെ പ്രവർത്തിച്ചു

> **Lead Summary:** കണ്ണൂർ:ജില്ലാ കളക്ടറുടെ അവധി ഉത്തരവ് ലംഘിച്ച് കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം ഇന്ന് ഉച്ചവരെ പ്രവർത്തിച്ചു.

## Article Content

കണ്ണൂർ:ജില്ലാ കളക്ടറുടെ അവധി ഉത്തരവ് ലംഘിച്ച് കണ്ണൂർ ചാലയിലെ ചിന്മയ വിദ്യാലയം ഇന്ന് ഉച്ചവരെ പ്രവർത്തിച്ചു.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനെ തുടർന്ന് കണ്ണൂർ ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവ് ഇറക്കി.

പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐസിഎസ്ഇ, സിബിഎസ്ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, മദ്രസകൾ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയ്ക്കെല്ലാം അവധി ബാധകമായിരുന്നു. റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ലെന്നും മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ കുട്ടികൾ സ്കൂളിലെത്തിയിരുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ചിന്മയ വിദ്യാലയം ഉച്ചവരെ ക്ലാസുകൾ നടത്തിയതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. അവധി പ്രഖ്യാപനം അറിഞ്ഞപ്പോൾ കുട്ടികൾ എത്തിക്കഴിഞ്ഞിരുന്നുവെന്നും അതിനാൽ ഉച്ചവരെ പ്രവർത്തിച്ച് പിന്നീട് വിട്ടയച്ചുവെന്നുമാണ് വിശദീകരണം.

വിദ്യാർത്ഥികളുടെ സുരക്ഷ കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലും മലയോര മേഖലകളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

അവധി ദിവസങ്ങളിൽ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയിട്ടുണ്ട്. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/375929/Kannur Chinmaya Vidyalaya Open Despite Collector Holiday Order Red Alert)